പുല്‍പ്പള്ളി: ചേകാടിയിലെ പാടങ്ങളില്‍ നെല്‍ക്കൃഷിയിറക്കാന്‍ ആശ്രയം ഇതര സംസ്ഥാന തൊഴിലാളികള്‍.
തദ്ദേശീയരായ തൊഴിലാളികളെ ആവശ്യത്തിന് കിട്ടാത്ത സാഹചര്യത്തിലാണ് കര്‍ഷകര്‍ ഞാറ് പറിക്കലും നടീലും ഉള്‍പ്പെടെ ജോലികള്‍ക്ക് ഇതര സംസ്ഥാന തൊഴിലാളികളെ നിയോഗിച്ചത്. വൈകിയെങ്കിലും കാലവര്‍ഷം കനിഞ്ഞതോടെയാണ് ചേകാടിയിലെ പാടങ്ങളില്‍ നെല്‍ക്കൃഷിക്ക് ജലലഭ്യതയായത്.
മുന്‍കാലങ്ങളില്‍ ചേകാടിയില്‍ വയല്‍പ്പണിക്ക് എത്തിയിരുന്ന തൊഴിലാളികളില്‍ ഏറെയും തൊഴിലുറപ്പ് ജോലിക്കാണ് പോകുന്നത്. മിക്ക പാടങ്ങളിലും നെല്‍ക്കൃഷി ഒരേ സമയത്തായതാണ് തൊഴിലാളി ക്ഷാമം രൂക്ഷമായതിന് കാരണം. ഒരേക്കര്‍ വയലില്‍ നാട്ടിപ്പണിക്ക് 5,000 രൂപയാണ് ഇതര സംസ്ഥാന തൊഴിലാളികള്‍ വാങ്ങുന്നത്. തൊഴിലുറപ്പ് പദ്ധതി നെല്‍ക്കൃഷിയിലേക്ക് വ്യാപിപ്പിക്കുന്നതിന് നടപടി വേണമെന്നാണ് കര്‍ഷകരുടെ ആവശ്യം.